ക്ഷേത്ര ഐതിഹ്യം


വേണാട് രാജാവ് കഠിനംകുളം കായലിന്‍റെ തീരത്ത് ഒരു മഹാശിവക്ഷേത്രം പണികഴിപ്പിച്ചു. അവിടെയുള്ള പൂജാദികാര്യങ്ങള്‍ നോക്കുന്നതിന് ' കരമന ചെന്തിട്ട ' ഗ്രാമത്തിലെ പേരുകേട്ട ഒരു ഇല്ലത്തിലെ നമ്പൂതിരിയെ ചുമതലപ്പെടുത്തി. പഅക്കാലത്ത് ആറ്റിങ്ങല്‍ രാജാവ് ആ ക്ഷേത്രം സന്ദര്‍ശിക്കാന്‍ ഇടയായി. രാജാവിനോടൊപ്പം വന്നവരില്‍ ഒരു നമ്പൂതിരിക്ക് മേല്‍ശാന്തിയെ നന്നായി ഇഷ്ടപ്പെട്ടു. അദ്ദേഹത്തിന്‍റെ പാണ്ഡിത്യവും വിനയവും കൂലീനതയുമായിരുന്നു അതിനുകാരണം. കാലം കടന്നുപോയി നമ്പൂതിരിയുമായുള്ള ബന്ധം തിരുമേനിക്ക് ഒഴിവാക്കാന്‍ കഴിയാത്ത ബന്ധമായിത്തീര്‍ന്നു.

അങ്ങനെ തന്‍റെ മകളെ നമ്പൂതിരിക്ക് വേളികഴിപ്പിച്ചുകൊടുക്കുകയും ചെയ്തു. ആ അന്തര്‍ജ്ജനം ആറ്റിങ്ങല്‍ അവനവഞ്ചേരി ഗ്രാമത്തിലെ പ്രശസ്ത ബ്രാഹ്മണകുടുംബത്തിലെ അംഗമായിരുന്നു. അവര്‍ ഒരാണ്‍കുഞ്ഞിന് ജډം നല്‍കി. കാഴ്ചയില്‍ വിരൂപനായിരുന്നു ആ കുട്ടി. ഇടത്തേക്കാലിനു അല്പം നീളക്കൂടുതലുള്ളതിനാല്‍ കുട്ടിയുടെ നടത്തം മുടന്തിയിട്ടായിരുന്നു. അവന്‍ പിതാവില്‍ നിന്നും സാധാരണവിദ്യാഭ്യാസവും മന്ത്രതന്ത്രവിദ്യകളും വൈദ്യചികിത്സാവിധികളും അഭ്യസിച്ചു. അന്തര്‍ജ്ജനം തികഞ്ഞൊരു ദേവീഭക്തയായിരുന്നു. തന്‍റെ ഗ്രാമത്തില്‍ നിന്നുകൊണ്ടുവന്ന ദേവിയുടെ ഒരു ഓട്ടുവിഗ്രഹം മനയിലെ ചെറിയൊരു മുറിയില്‍ പ്രതിഷ്ഠിച്ച് പൂജ നടത്തിയിരുന്നു. മകന് പരാശക്തിയായ ദേവിയുടെ മഹിമകള്‍ നേരിട്ടറിഞ്ഞ കഥകള്‍ കൂട്ടിക്കാലത്ത് പറഞ്ഞുകൊടുക്കുമായിരുന്നു.

ഒരു ദിവസം മേനംകുളത്ത് ചികിത്സയും കഴിഞ്ഞ് വരുന്ന വഴിയില്‍ സര്‍പ്പദംശം ഏറ്റ് നമ്പൂതിരി മരണമടഞ്ഞു. അന്തര്‍ജ്ജനത്തിന് അത് സഹിക്കുവാന്‍ കഴിഞ്ഞില്ല. അവര്‍ മാനസികമായും, ശാരീരികമായും തളര്‍ന്നു. സദാസമയവും പൂജാമുറിയിലിരുന്ന് ദേവിയെ ധ്യാനിച്ചു കഴിഞ്ഞു വന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ദേവിയുടെ വിഗ്രഹം നെഞ്ചോടു ചേര്‍ത്തുവച്ച് മരിച്ചുകിടക്കുന്നതായിട്ടാണ് ഉണ്ണി നമ്പൂതിരി കണ്ടത്. യുവാവായ ഉണ്ണിനമ്പൂതിരിയെ കാരണവന്‍മാര്‍ ആറ്റിങ്ങലിലേക്ക് ക്ഷണിക്കുകയും, വേളി കഴിക്കുന്നതിന് നിര്‍ബന്ധിക്കുകയും ചെയ്തു. ആദ്യം വഴങ്ങിയില്ലെങ്കിലും പിന്നീട് മാതാവിന്‍റെ ഇല്ലത്തേക്ക് പോകുന്നതിന് തീരുമാനിക്കുകയും ചെയ്തു. വല്ലപ്പോഴും ക്ഷേത്രദര്‍ശനം നടത്താറുള്ള ഒരു മുത്തശ്ശി വഴികാട്ടികൊടുക്കാമെന്നേറ്റു. തന്‍റെ അമ്മ പൂജിക്കാറുള്ള ദേവീവിഗ്രഹം പട്ടില്‍ പൊതിഞ്ഞ് അവന്‍ മുത്തശ്ശിയെ ഏല്‍പ്പിച്ചു. അതിനുശേഷം തന്‍റെ വഞ്ചിയില്‍ യാത്ര പുറപ്പെട്ടു. യാത്രാമദ്ധ്യേ അഴിമുഖത്തിന് എതിരെ കാണുന്ന ഊരിലും (അഴൂര്‍) ചതുപ്പു കണ്ടങ്ങള്‍ നിറഞ്ഞ കരയിലും (ശാര്‍ക്കര) വിശ്രമിച്ച ശേഷം മുത്തശ്ശിയുടെ നിര്‍ദ്ദേശപ്രകാരം കിഴക്കോട്ടു കാണുന്ന ജലാശയത്തിലേക്ക് വഞ്ചി തുഴഞ്ഞു പോയി. കിഴക്കേക്കരയോടടുത്തപ്പോള്‍ വഞ്ചി ഒന്നു കുലുങ്ങുകയും മുത്തശ്ശിയുടെ കയ്യില്‍ സൂക്ഷിച്ചിരുന്ന ദേവീവിഗ്രഹം കായല്‍ കയത്തിലേക്ക് തെറിച്ചുവീഴുകയും ചെയ്തു. ഉണ്ണി തല്‍ക്ഷണം കായലിലേക്ക് എടുത്തുചാടി മുങ്ങിനോക്കി വിഗ്രഹത്തെ വീണ്ടെടുക്കുവാന്‍ പലപ്രാവശ്യം ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. കായലില്‍ നിന്നും വഞ്ചിയില്‍ കയറി നോക്കുമ്പോള്‍ മുത്തശ്ശിയേയും അവിടെ കാണാന്‍ കഴിഞ്ഞില്ല. അവന്‍ വിഷമിച്ച് വഞ്ചിയില്‍ ഇരിക്കുമ്പോള്‍ കരയിലെകടവിനടുത്തുള്ള കുറ്റിക്കാട്ടില്‍ ഉണ്ണിയെ ഉറക്കെ വിളിക്കുന്ന മുത്തശ്ശിയെയാണ് കണ്ടത്.

ഉടന്‍തന്നെ വഞ്ചി തുഴഞ്ഞ് കടവില്‍ അടുപ്പിച്ച് മുത്തശ്ശി നിന്ന സ്ഥലത്തുചെന്നു നോക്കിയപ്പോള്‍ കായലില്‍ ആണ്ടുപോയ ആ ദേവീവിഗ്രഹം മാത്രം കുറ്റിക്കാട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതായി കാണപ്പെട്ടു. മുത്തശ്ശിയെ അവിടെയെങ്ങും കാണുവാന്‍ കഴിഞ്ഞില്ല. അവന്‍ മിഴികളടച്ച് കുറച്ച് സമയം ധ്യാനനിരതനായി നിന്നു. അപ്പോള്‍ അവ്യക്തമായി മുത്തശ്ശി വരുന്നതും, ആ വിഗ്രഹത്തില്‍ ലയിച്ചുചേരുന്നതും കണ്ടു അങ്ങനെ ഉണ്ണിനമ്പൂതിരിക്ക് ഈ വിഗ്രഹം അവിടെ നിന്നും എടുത്തുകൊണ്ടുപോകുവാനോ, ഉപേക്ഷിച്ചുപോകുവാനോ സാധിച്ചില്ല. ഒടുവില്‍ നാട്ടുകാരുടെ അപേക്ഷപ്രകാരം അവിടെ പ്രതിഷ്ഠിക്കുവാന്‍ തീരുമാനിച്ചു. ഒരു മുടിപ്പുരയുണ്ടാക്കി നൂറ്റിയൊന്നു നാളികേരങ്ങള്‍ മുറിച്ച് അവയുടെ പാനീയം അഭിഷേകം നടത്തിയും തേങ്ങാമുറികളില്‍ നെയ്യ്ത്തിരികളിട്ട് കത്തിച്ച് വിളക്കാക്കിയും പ്രതിഷ്ഠ നടത്തി. അങ്ങനെ മുടിപ്പുര നിര്‍മ്മിച്ച് മുടന്തനായ നമ്പൂതിരി പ്രതിഷ്ഠിച്ച ക്ഷേത്രമാണ് മുടപുരം തെങ്ങുംവിള ക്ഷേത്രം. (ക്ഷേത്രത്തില്‍ ഇപ്പോഴും ഉത്സവനാളില്‍ അശ്വതി ദിവസത്തെ വിളക്ക് വഴിപാടിനോടനുബന്ധിച്ച് നൂറ്റിയൊന്ന് നാളികേരം ഉടയ്ക്കപ്പെടുന്നുണ്ട്). കാലാന്തരത്തില്‍ ഉണ്ണി നമ്പൂതിരി പ്രതിഷ്ഠിച്ച ക്ഷേത്രം വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോവുകയാണ് ഉണ്ടായത്. വര്‍ഷങ്ങള്‍ക്കുശേഷം വേണാട് രാജാവ് ഇന്നത്തെ മുടപുരം ദേശത്ത് കായല്‍ തീരത്തായി നിന്നിരുന്ന അനേകം വന്‍മരങ്ങള്‍ (തേക്ക്), അത് മണല്‍ പ്രദേശമായിരുന്നതിനാല്‍ വളരെ ബലമുള്ളതും ഭംഗിയുള്ളതുമായ തടിയാണ് എന്ന് മനസ്സിലാക്കുകയും കൊട്ടാരത്തിലെ ആവശ്യത്തിനായി മുറിച്ച് കായല്‍ മാര്‍ഗ്ഗം കൊട്ടാരത്തില്‍ എത്തിക്കുന്നതിനായി അന്നത്തെ ദിവാനോട് കല്‍പ്പിക്കുകയും ചെയ്തു. മേല്‍നോട്ടത്തിനായി കരമനഭാഗത്തുനിന്ന് കുറെ ബ്രാഹ്മണ കുടുംബങ്ങളെ ഈ പ്രദേശത്ത് മഠങ്ങള്‍ ഉണ്ടാക്കി പാര്‍പ്പിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ മഠത്തിലെ മുതിര്‍ന്ന ഒരു നമ്പൂതിരി ചെല്ലിക്കടവിനു (ഇന്നത്തെ മുക്കോണി എന്ന സ്ഥലം) സമീപം ശക്തിസ്വരൂപിണിയായ ഒരു ദേവിയുടെ ചൈതന്യം ഉണ്ടെന്നും മുമ്പ് കാലത്ത് എപ്പോഴോ അവിടെ പൂജാദികര്‍മ്മങ്ങള്‍ നടന്നിട്ടുള്ള ദേവിക്ഷേത്രം ഉണ്ടായിരുന്നതായും മനസ്സിലാക്കി. അദ്ദേഹം അവിടെ ഒരു പൂജാസ്ഥാനം ഉണ്ടാക്കുകയും ദിവസവും പൂജാദികര്‍മ്മങ്ങള്‍ നടത്തുകയും ചെയ്തു. അങ്ങനെ തുടര്‍ന്നുവരവെ ഒരു ദിവസം കീഴ്ജാതിയില്‍പ്പെട്ട ഒരു യുവാവ് മരത്തിന്‍റെ മുകളില്‍ ഇരുന്ന് പൂജാവിധികള്‍ വീക്ഷിക്കുന്നതായി പൂജാരിയുടെ സഹായികളില്‍ ഒരാള്‍ കാണാന്‍ ഇടയായി. അയാള്‍ മേല്‍ശാന്തിയെ ഇക്കാര്യം അറിയിച്ചു. അങ്ങനെയെങ്കില്‍ ഇനി അയാള്‍ വരികയാണെങ്കില്‍ കാണിച്ചുതരണമെന്ന് സഹായിയെ അറിയിച്ചു. എന്നാല്‍ പിറ്റേദിവസം മേല്‍ശാന്തി പൂജയ്ക്കായി വന്നപ്പോള്‍ ഇന്നലെ മരത്തിന്‍റെ മുകളിലിരുന്ന യുവാവ് ദേവിയെ പൂജിക്കുന്നതായി കണ്ടു.

താഴ്ന്ന ജാതിക്കാരന്‍ ക്ഷേത്രത്തിനുള്ളില്‍ കയറി ക്ഷേത്രം അശുദ്ധമാക്കി ദേവി കോപിക്കും, നാടും നാട്ടുകാരും നശിക്കും ഇങ്ങനെ അലറിക്കൊണ്ട് ക്ഷേത്രത്തിന്‍റെ നടക്കല്ലില്‍ തലയിടിച്ച് ചോരയൊഴുക്കി ഉടന്‍ തന്നെ നാട്ടുകാര്‍ ഓടിയെത്തുകയും ബ്രാഹ്മണനെ ആശ്വസിപ്പിക്കുകയും ചെയ്തു. (അന്നു മുതല്‍ മണ്ടപൊളപ്പന്‍ കോവില്‍ എന്നാണ് അറിയപ്പെടുന്നത്). മരിക്കുന്നതിനു മുന്‍പ് തന്‍റെ ശവശരീരം ക്ഷേത്രത്തിനു തെക്ക് പടിഞ്ഞാറ് കോണില്‍ ദഹിപ്പിക്കണമെന്ന് അറിയിക്കുകയും ചെയ്തു.ആ സ്ഥാനം കായലിന്‍റെ മദ്ധ്യം ആയിരുന്നതിനാല്‍ അവിടെ തേക്കിന്‍ തടികള്‍ കുത്തി നിര്‍ത്തി അതില്‍ ചിതയുണ്ടാക്കി ദഹിപ്പിച്ചു. ആ ഭാഗം ഇപ്പോള്‍ കോവളം എന്നാണ് അറിയപ്പെടുന്നത്. ഇപ്പോഴും ഈ ഭാഗം പരിശുദ്ധമായിത്തന്നെ അവശേഷിക്കുന്നു. ബ്രാഹ്മണ കുടുംബങ്ങള്‍ ഈ സ്ഥലത്തു നിന്നു പലായനം ചെയ്തു. വര്‍ഷങ്ങള്‍ക്കുശേഷം ജനങ്ങള്‍ക്കു തീരവ്യാധിയും, ദുഃഖവും ദാരിദ്ര്യവും വന്നു ഭവിച്ചു. ക്ഷേത്രം പൂജാദികര്‍മ്മങ്ങളും മേല്‍നോട്ടവുമില്ലാതെ ജീര്‍ണ്ണിച്ചു നാമാവശേഷമായി. ഏറെക്കാലത്തിനുശേഷം ഇവിടുത്തെ പ്രമുഖ കുടുംബങ്ങളിലൊന്നായ വലിയവിളാകത്ത് കാരണവര്‍ക്ക് സ്വപ്നദര്‍ശനം ലഭിക്കുകയും പ്രശ്നവശാല്‍ ക്ഷേത്രത്തെക്കുറിച്ചുള്ള അറിവ് ലഭിക്കുകയും ചെയ്തു. പ്രശ്ന വിധിപ്രകാരം ക്ഷേത്രം പുനരുദ്ധരിക്കുന്നതിനും, പൂജാവിധികള്‍ പുനരാരംഭിക്കുന്നതിനും തീരുമാനിച്ചു. അദ്ദേഹം ശ്രീകോവിലും, വിഗ്രഹവും പണികഴിപ്പിച്ചു പ്രതിഷ്ഠിച്ചു. ഒരു വരിക്കപ്ലാവിന്‍റെ മൂടുമുറിക്കാതെ കറയോടുകൂടി നിര്‍ത്തിക്കൊണ്ട് പ്രൗഢഗംഭീരമായ ഒരു വിഗ്രഹവും പീഠവും പണികഴിപ്പിച്ചു. ”